പ്രളയത്തിൽ വലഞ്ഞ് പാകിസ്ഥാൻ;രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജല തടാകവും തുറന്നുവിട്ടു

പാകിസ്ഥാൻ : പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1,290 ആയി. മലേറിയ, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പടരുകയാണ്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്, 492 പേർ. ഖൈബർ പഖ്തുൻഖ്വയിൽ 286 പേരും ബലൂചിസ്ഥാനിൽ 259 പേരുമാണ് മരിച്ചത്. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ മഞ്ജർ തടാകം പ്രളയജലം നിയന്ത്രിക്കുന്നതിനായി അധികൃതർ തുറന്നുവിട്ടു. ഇതുമൂലം ഒരു ലക്ഷത്തോളം പേർക്ക് വീട് ഒഴിയേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണിത്.

രാജ്യത്തിന്‍റെ മൂന്നിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തെ നേരിടുകയാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, പാകിസ്ഥാനിലെ 1,70,000 ചതുരശ്ര കിലോമീറ്റർ പ്രദേശം വെള്ളപ്പൊക്കത്തെ തുടർന്ന് മുങ്ങിയിരിക്കുകയാണ്. ഇതിൽ 57 ജില്ലകളിലായി 78,000 ചതുരശ്ര കിലോമീറ്റർ കൃഷി ഭൂമിയും ഉൾപ്പെടുന്നു. നെല്ല്, ഗോതമ്പ്, ഉള്ളി എന്നിവ കൃഷി ചെയ്യുന്ന വയലുകളുടെ നാശം കാരണം രാജ്യത്തിന്‍റെ കരുതൽ ഭക്ഷണം 65 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്.

ആസന്നമായ ശൈത്യകാലവും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിലും അതിനുമുമ്പുണ്ടായ കടുത്ത ഉഷ്ണതരംഗത്തിലും പച്ചക്കറിക്കൃഷി വലിയ തോതിൽ നശിച്ചു. സിന്ധ് പ്രവിശ്യയിലെ കരിമ്പ് കൃഷിയെയും ഈന്തപ്പന കൃഷിയെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. വെള്ളപ്പൊക്കത്തിന് മുമ്പ് തന്നെ ഉക്രൈനിലെ റഷ്യൻ യുദ്ധം കാരണം പാകിസ്ഥാനിൽ ഭക്ഷ്യവില കുത്തനെ ഉയർന്നിരുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം, പാകിസ്ഥാനിലെ കാർഷിക മേഖലയ്ക്ക് 20 ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടായി.