പാക് ഭീകര ഡ്രോണുകൾ തകർക്കും; 100 ആളില്ലാ വിമാനങ്ങൾ വാങ്ങാൻ വ്യോമസേന

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വ്യോമതാവളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 100 ആളില്ലാ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പദ്ധതിയിടുന്നു. ഇന്ത്യയിലെ നിർമ്മാതാക്കളിൽ നിന്ന് യുഎവികൾ വാങ്ങും. കഴിഞ്ഞ വർഷം ജമ്മുവിലെ വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

കഴിഞ്ഞ വർഷം ജൂണിൽ ജമ്മുവിൽ നടന്ന ഡ്രോൺ ആക്രമണം രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ ആക്രമണമായിരുന്നു. ഇതോടെ സുരക്ഷാ മുൻകരുതലുകൾ വർദ്ധിപ്പിക്കേണ്ടത് ആവശ്യമായി വന്നു. സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ പുലർച്ചെയാണ് വ്യോമതാവളത്തിൽ തകർന്നുവീണത്. ആദ്യ ആക്രമണത്തിൽ, അതീവ സുരക്ഷാ സാങ്കേതിക മേഖലയിലെ ഒരു നില കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. ആറ് മിനിറ്റിന് ശേഷം രണ്ടാമത്തെ ഡ്രോൺ സമീപത്തെ തുറസ്സായ സ്ഥലത്തേക്ക് ഇടിച്ചുകയറുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു.

ആക്രമണത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ജമ്മുവിലെ ഡ്രോൺ ആക്രമണം പാകിസ്ഥാൻ തീവ്രവാദികൾ ഉയർത്തുന്ന പുതിയ വെല്ലുവിളിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിർത്തി വഴി ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കള്ളനോട്ടുകളും കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്ന തീവ്രവാദികൾ അതിനെ ഭീകരാക്രമണത്തിനുള്ള ഉപാധിയായി കാണാൻ തുടങ്ങിയെന്നത് വളരെ ഗൗരവമേറിയ കാര്യമാണെന്ന് വൃത്തങ്ങൾ പറഞ്ഞു.