ഗുജറാത്ത് തീരത്ത് 350 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 350 കോടി രൂപയുടെ ഹെറോയിൻ മയക്കുമരുന്നുമായി ഒരു പാക് ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച അർധരാത്രിയോടെ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. കടലിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ബോട്ടിനെ കോസ്റ്റ് ഗാർഡും എടിഎസും ചേർന്ന് കപ്പലുകളിൽ എത്തി വളഞ്ഞു. കച്ച് തുറമുഖത്ത് എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്ന് 50 കിലോ ഹെറോയിൻ കണ്ടെടുത്തത്. ബോട്ടിൽ അഞ്ച് ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും നടത്തുന്ന ആറാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. സെപ്റ്റംബർ 14നും ഗുജറാത്ത് തീരത്ത് മയക്കുമരുന്നുമായി പാക് ബോട്ട് പിടികൂടിയിരുന്നു.