ഗുജറാത്ത് തീരത്ത് ആയുധങ്ങളും 300 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് പിടിയിൽ

അഹമ്മദാബാദ്: ആയുധങ്ങളുമായി ഗുജറാത്ത് തീരത്തിനടുത്തെത്തിയ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു. 300 കോടി രൂപ വിലമതിക്കുന്ന 40 കിലോ ലഹരി മരുന്നും 6 പിസ്റ്റളുകൾ ഉൾപ്പെടെ ആയുധങ്ങളും ബോട്ടിൽ നിന്ന് കണ്ടെടുത്തു.

ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും നടത്തിയ ഓപ്പറേഷനിലാണ് അൽ സഹോലി എന്ന ബോട്ട് പിടിച്ചെടുത്തത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് ബോട്ട് എത്തിയത്. കൂടുതൽ പരിശോധനകൾക്കായി ഇവരെ ഒഖ തുറമുഖത്തേക്ക് കൊണ്ടുപോയി.

കഴിഞ്ഞ 18 മാസത്തിനിടെ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും നടത്തുന്ന 7ആമത്തെ ഓപ്പറേഷനാണിത്. ഇതാദ്യമായാണ് ലഹരിമരുന്ന് കൂടാതെ ആയുധങ്ങളും ലഭിക്കുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ 1930 കോടി വിലമതിക്കുന്ന 346 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തതായും 44 പാകിസ്ഥാനികളെയും ഏഴ് ഇറാനിയൻ പൗരൻമാരെയും പിടികൂടിയതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.