കോമൺവെൽത്ത് ഗെയിംസിനെത്തിയ പാക്കിസ്ഥാന്റെ ബോക്സിങ് താരങ്ങളെ കാണാതായി

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനായി യുകെയിലെത്തിയ രണ്ട് പാകിസ്ഥാൻ കായിക താരങ്ങളെ കാണാനില്ല. കോമൺവെൽത്ത് ഗെയിംസ് അവസാനിച്ചതിന് പിന്നാലെയാണ് രണ്ട് കളിക്കാരെയും കാണാതായതെന്ന് പാകിസ്ഥാൻ കായിക വിഭാഗം അധികൃതർ വെളിപ്പെടുത്തി. ടീം ഇംഗ്ലണ്ട് വിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബോക്സിങ് താരങ്ങളായ സുലൈമാൻ ബലോച്, നസീറുല്ലാ ഖാൻ എന്നിവരെ ആണ് കാണാതായത്.

ബോക്സിങ് ടീമിനൊപ്പമെത്തിയ ഉദ്യോഗസ്ഥരുടെ കൈവശം ഇവരുടെ യാത്രാ രേഖകളും പാസ്പോർട്ടുകളുമുണ്ടെന്ന് പാക്കിസ്ഥാൻ ബോക്സിങ് ഫെഡറേഷൻ സെക്രട്ടറി നസീർ താങ് പ്രതികരിച്ചു.കോമൺവെൽത്ത് ഗെയിംസ് തിങ്കളാഴ്ച ആണ് അവസാനിച്ചത്. കളിക്കാരെ കാണാതായ വിവരം യുകെയിലെ പാക് ഹൈക്കമ്മീഷനെ ടീം മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കും വിവരം നൽകിയിട്ടുണ്ട്.

പാകിസ്ഥാനിൽ നിന്ന് എത്തിയ എല്ലാ കളിക്കാരുടെയും രേഖകൾ പാക്ക് ഉദ്യോഗസ്ഥർ വാങ്ങി സൂക്ഷിച്ചിരുന്നു. താരങ്ങളുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ പാകിസ്ഥാൻ ഒളിമ്പിക് അസോസിയേഷൻ (പി.വൈ.എ) നാലംഗ സംഘത്തെ നിയോഗിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗിൽ പാകിസ്ഥാൻ മെഡൽ നേടിയിരുന്നില്ല. മറ്റ് ഇനങ്ങളിൽ രണ്ട് സ്വർണം ഉൾപ്പെടെ എട്ട് മെഡലുകളാണ് പാകിസ്ഥാന് ലഭിച്ചത്.