ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് പാക് താരം മുഹമ്മദ് റിസ്‌വാന്‍

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ തോറ്റെങ്കിലും പാകിസ്താന്‍റെ മുഹമ്മദ് റിസ്‌വാന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും റിസ്‌വാന്‍റെ പേരിലാണ്. പാക് ക്യാപ്റ്റനും സഹതാരവുമായ ബാബർ അസമിനൊപ്പമാണ് റിസ്‌വാൻ ഈ നേട്ടം പങ്കിട്ടത്. 52-ാം ഇന്നിങ്സിലാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിനെതിരെ 68 റൺസെടുത്താണ് റിസ്‌വാൻ പുറത്തായത്.

56 ഇന്നിങ്സുകളുമായി വിരാട് കോഹ്ലിയാണ് പട്ടികയിൽ മൂന്നാമത്. ഇന്ത്യയുടെ കെ.എൽ രാഹുലാണ് നാലാം സ്ഥാനത്ത്. ഇന്നലെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. 58 ഇന്നിങ്സുകളുമായാണ് രാഹുൽ 2000 റൺസ് തികച്ചത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് അഞ്ചാം സ്ഥാനത്ത്. 62-ാം ഇന്നിങ്സിലാണ് ഫിഞ്ച് 2000 റൺസ് തികച്ചത്.