ഗവർണർക്കെതിരെ ലഘുലേഖ; പ്രക്ഷോഭം ശക്തമാക്കാൻ ഇടത് മുന്നണി

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരിന് അനുമതി നൽകിയ സി.പി.എം നിയമ മാർഗങ്ങളിലൂടെയും ജനകീയ സമരത്തിലൂടെയും ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിൽ ഗവർണർക്കെതിരെ ലഘുലേഖ പ്രചാരണം ആരംഭിച്ചു. വിസിമാർക്കെതിരായ ഗവർണറുടെ നീക്കം ആർഎസ്എസ് അനുയായികളെ സർവകലാശാലകളിലേക്ക് കൊണ്ടുവരാനാണെന്ന് ലഘുലേഖയിൽ ആരോപിക്കുന്നു. ഭരണഘടനയെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലാത്തതിനാലാണ് ധനമന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ലഘുലേഖയിൽ പറയുന്നു.

തങ്ങളുടെ വേണ്ടപ്പെട്ടവരെ സർവകലാശാലയുടെ തലപ്പത്ത് നിയമിക്കുക എന്ന സംഘ്പരിവാറിന്‍റെ അജണ്ട ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ചാൻസലർ സ്ഥാനവും അധികാരങ്ങളും സംസ്ഥാന സർക്കാർ നടപ്പാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. അവ നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇനി ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ഗവർണർക്കെതിരെ നിയമപരമായും ഭരണഘടനാപരമായും ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദേശീയ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള പ്രക്ഷോഭത്തിനും സി.പി.എം രൂപം നൽകിയിരുന്നു. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ ദേശീയ നേതാക്കളും പങ്കെടുക്കും. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതിനെതിരെയുള്ള പ്രചാരണവും ശക്തമാക്കും.