ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അടുത്ത വർഷം മുതൽ അസാധുവാകും; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2023 ഏപ്രിൽ 1 മുതൽ അസാധുവാകുമെന്നറിയിച്ച് ആദായ നികുതി വകുപ്പ്. പാൻ കാർഡ് അസാധുവാകുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡ് ഉടമ ഉത്തരവാദിയായിരിക്കുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അസാധുവായ പാൻ കാർഡ് ഉള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയില്ല. 2017 ഓഗസ്റ്റ് 31ന് മുമ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് തീയതി നിരവധി തവണ നീട്ടി 2021 ജൂൺ 30 വരെയാക്കി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീയതി വീണ്ടും നീട്ടിയത്.

2022 മാർച്ച് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 1,000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിഴയടച്ച ശേഷവും കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ൽ കാർഡ് പ്രവർത്തനരഹിതമാകും. പിഴയടച്ചാൽ പാൻ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.