രണ്ടാം ദിനത്തിലും പാര്‍ലമെന്റില്‍ ബഹളം; വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ രണ്ടാം ദിനത്തിലും വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. സഭ പലതവണ തടസ്സപ്പെട്ടു. തുടക്കം മുതലുള്ള പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. എന്നാൽ ഉച്ചയോടെ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് സഭ നാളത്തേക്ക് പിരിഞ്ഞു. വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം സഭയ്ക്കകത്ത് ഉന്നയിച്ചത്. പ്രതിപക്ഷ എം.പിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു പാര്‍ലമെന്റ് വളപ്പില്‍ കോണ്‍ഗ്രസ് പ്രതിക്ഷേധം തുടങ്ങിയത്. പാക്ക് ചെയ്ത പാല്‍, തൈര് അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് ഉണ്ടായത്. രാഹുല്‍ ഗാന്ധിയും സമരത്തിൽ പങ്കെടുത്തു. തുടർന്ന് പ്രതിപക്ഷ എംപിമാരും ഇതോടൊപ്പം ചേര്‍ന്നു. എന്‍സിപിയുടെ സുപ്രിയ സുലെ, സമാജ് വാദി പാര്‍ട്ടിയുടെ രാംഗോപാല്‍ യാദവ്, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി എന്നിവരെല്ലാം പ്രതിഷേധത്തില്‍ പങ്കാളിയായി. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു ഈ പ്രതിഷേധം നടന്നത്.

എൽപിജി വില വർദ്ധനവ് പിന്‍വലിക്കണമെന്നും കേന്ദ്രത്തിനെതിരെ മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് എംപിമാർ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ 32 ബില്ലുകൾ ഇരുസഭകളിലും ഇനിയും അവതരിപ്പിക്കാനുണ്ടെന്ന് കേന്ദ്രം അറിയിച്ചു. അതിൽ പതിനാലെണ്ണം തയ്യാറാണ്. ഓരോ ബില്ലിലും ജനാധിപത്യപരമായ ചർച്ചകൾക്കാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാർലമെന്‍റിന്‍റെ സ്റ്റാൻഡിംഗ് കമ്മിറ്റി ഈ ബില്ലുകളിൽ ചിലത് ഇതിനകം ചർച്ച ചെയ്തിരുന്നു. എന്നാൽ ചർച്ച ചെയ്യാതെ ഒരു ബില്ലും പാസാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.