പനീർസെൽവത്തെ പുറത്താക്കി ;അണ്ണാ ഡിഎംകെ ‘പിടിച്ചെടുത്ത്’ പളനിസാമി

ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ എഐഎഡിഎംകെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിങ്കളാഴ്ച ചേർന്ന പാർട്ടി ജനറൽ കൗണ്സിൽ യോഗത്തിൽ എടപ്പാടി കെ പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഒപിഎസിനെ പുറത്താക്കിയത്. പനീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്ന് ജനറൽ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക പ്രമേയം പാസാക്കിയത്.

മുതിർന്ന നേതാക്കളും ഒപിഎസ് അനുഭാവികളുമായ ജെ.സി.ഡി പ്രഭാകർ, ആർ വൈത്തിലിംഗം, പി.എച്ച് മനോജ് പാണ്ഡ്യൻ എന്നിവരെയും എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കി. അതേസമയം എടപ്പാടി കെ പളനിസ്വാമിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും പനീർശെൽവം അറിയിച്ചു. 1.5 കോടി പാർട്ടി പ്രവർത്തകർ ചേർന്ന് കോർഡിനേറ്ററായി തിരഞ്ഞെടുത്ത തന്നെ നീക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഒപിഎസ് പറഞ്ഞു.

നാല് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജനറൽ കൗണ്സിൽ യോഗത്തിൽ തീരുമാനമായി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. കുറഞ്ഞത് 10 വർഷത്തോളം പാർട്ടിയുടെ പ്രാഥമിക അംഗമായിരുന്നവർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുള്ളൂ. അന്തരിച്ച നേതാക്കളായ പെരിയാർ ഇ വി രാമസ്വാമി, സി എൻ അണ്ണാദുരൈ, ജെ ജയലളിത എന്നിവർക്ക് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കി.