സോഷ്യൽ മീഡിയ പോസ്റ്റ് വിശ്വസിച്ച് മരിച്ച മകനെ ജീവിപ്പിക്കാൻ ഉപ്പിട്ടുമൂടി മാതാപിതാക്കൾ

ബെള്ളാരി: കർണാടകയിൽ, ഉപ്പിട്ടുമൂടിയാൽ മരിച്ചയാളെ ജീവിപ്പിക്കാമെന്ന സോഷ്യൽ മീഡിയ കുറിപ്പിൽ വിശ്വസിച്ച് മുങ്ങിമരിച്ച മകനെ ഉപ്പിട്ടുമൂടി മാതാപിതാക്കൾ. കുളത്തിൽ മുങ്ങിമരിച്ച പത്തുവയസ്സുകാരന്റെ ശരീരമാസകലം ഉപ്പിട്ടു മൂടി, മകൻ തിരികെ വരുമെന്നു വിശ്വസിച്ച് 5 മണിക്കൂറാണ് മാതാപിതാക്കൾ കാത്തിരുന്നത്,

കർണാടകയിലെ ബെള്ളാരി ജില്ലയിലെ സിർവാർ ഗ്രാമത്തിൽ സെപ്റ്റംബർ അഞ്ചിനാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെയാണ് കുട്ടി മുങ്ങിമരിച്ചത്. വൈറലായ സോഷ്യൽ മീഡിയ പോസ്റ്റ് വിശ്വസിച്ച് കുട്ടിയുടെ മൃതദേഹം മാതാപിതാക്കൾ അഞ്ച് ചാക്ക് ഉപ്പ് കൊണ്ട് മൂടി. കുറിപ്പിൽ പറഞ്ഞതിന് അനുസരിച്ച് ആറുമണിക്കൂറോളം അവർ കുട്ടി പുനരുജ്ജീവിക്കും എന്ന് കരുതി കാത്തിരുന്നു

“സമൂഹമാധ്യമത്തിൽ വന്ന കുറിപ്പ് പ്രകാരം മുങ്ങിമരിച്ച കുട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഉപ്പ് മൂടിയാൽ മതിയെന്നാണ് കുടുംബം കരുതിയത്. 10 കിലോയോളം ഉപ്പ് മൂടി ആറു മണിക്കൂറോളം കാത്തിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല” കുട്ടിയുടെ ബന്ധു പറഞ്ഞു.