റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് ഇനി കുടുംബശ്രീയുടെ ചുമതലയല്ല

കൊച്ചി: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ്, എസി ഹാളുകളുടെ മേൽനോട്ടം എന്നിവയിൽ നിന്ന് കുടുംബശ്രീയെ പൂർണ്ണമായും ഒഴിവാക്കി. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2014 ൽ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ മൂന്ന് മാസത്തേക്ക് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ നിലച്ചത്. 2017 ജൂണിൽ ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലും പാർക്കിംഗ്, എസി ഹാൾ മാനേജ്മെന്‍റ് എന്നിവയുടെ മേൽനോട്ടം കുടുംബശ്രീയെ ഏൽപ്പിച്ചു. റവന്യൂ വിഹിതം 60-40 ശതമാനം എന്ന അനുപാതത്തിൽ വിഭജിച്ചു.

രണ്ടും മൂന്നും വർഷങ്ങളിൽ റെയിൽവേയ്ക്ക് 5, 10 ശതമാനം വീതം അധികമായി നൽകണമെന്നുമായിരുന്നു വ്യവസ്ഥ. കേരളത്തിൽ 7 ജില്ലകളിലെ 45 സ്റ്റേഷനുകളിൽ പാർക്കിങ് മേൽനോട്ടവും 7 സ്റ്റേഷനുകളിൽ എസി ഹാൾ മാനേജ്മെന്‍റും കുടുംബശ്രീ കൈകാര്യം ചെയ്തിരുന്നതാണ്. ഇതിലൂടെ 248 സ്ത്രീകൾക്ക് കുടുംബശ്രീ തൊഴിൽ നൽകി. കാലാവധി കഴിയാറായപ്പോൾ കോവിഡ് കൂടി വന്നതോടെ റെയിൽവേ എസി വെയ്റ്റിങ് ഹാളുകൾ അടച്ചിടുകയും പാർക്കിങ് വരുമാനം കുറഞ്ഞതോടെ  കുടുംബശ്രീയെ ഒഴിവാക്കാനുള്ള നീക്കം തുടങ്ങുകയും ചെയ്തു. 

കരാർ കാലാവധി കഴിഞ്ഞതോടെ പുതുക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ റെയിൽവേയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമൊന്നും ഉണ്ടാകാതെ വന്നതോടെ അടുത്ത മൂന്ന് വർഷത്തേക്ക് സ്വകാര്യ വ്യക്തിക്ക് പാർക്കിംഗ് നൽകുകയായിരുന്നു. പാർക്കിങ്ങിനു റെയിൽവേ കരാർ ക്ഷണിച്ചപ്പോൾ, 2014ൽ പങ്കെടുത്തപ്പോൾ കെട്ടിവയ്ക്കേണ്ട തുക ഇളവു ചെയ്തെങ്കിലും പിന്നീട് ആ ഇളവ് അനുവദിക്കാതെ വന്നതോടെ കുടുംബശ്രീക്കു കരാർ നടപടികളിൽ പങ്കെടുക്കാനും കഴിയാതെ പോയി.