5ജി ലേലത്തിലെ പങ്കാളിത്തം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

മുംബൈ: ഓഹരി വിപണിയിൽ സൂചികകൾ ഇടിഞ്ഞപ്പോഴും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം മേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചതിന് ശേഷം അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ ഇന്ന് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും ഇന്ന് 2 ശതമാനം മുതൽ 15 ശതമാനം വരെ ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു.

5ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അപേക്ഷ സമർപ്പിച്ച അവസാന ദിവസം അദാനി ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ല. ഇന്നലെയാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളുമായി അദാനി ഗ്രൂപ്പ് ഏറ്റുമുട്ടും. 

അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഡിമാൻഡ് ഓഹരി വിപണിയിൽ ഉയർന്നപ്പോൾ അദാനി പവർ, അദാനി വിൽമർ എന്നിവ 5 ശതമാനം ഉയർന്നു. അദാനി എന്‍റർപ്രൈസസ്, അദാനി പോർട്ട് എന്നിവയും നേട്ടമുണ്ടാക്കി.