സമൂഹത്തിലെ ജീർണതകളെ പാർട്ടി തള്ളിക്കളയണം: എ.വിജയരാഘവൻ
തിരുവനന്തപുരം: സമൂഹത്തിലെ ജീർണതകളെ പാർട്ടി തള്ളിക്കളയണമെന്ന് സിപിഎം പി.ബി അംഗം എ. വിജയരാഘവൻ. സമൂഹത്തിൽ നിരവധി ജീർണതകളുമുണ്ട്, അത് പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പാർട്ടി അംഗങ്ങൾക്ക് പൊതുജനങ്ങൾക്ക് മുന്നിൽ ഉയർന്ന വ്യക്തിത്വവും ഉയർന്ന മൂല്യങ്ങളും സ്വീകാര്യതയും ഉണ്ടായിരിക്കണം, അവയെല്ലാം കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകുകയും വേണം. അതിന് കോട്ടം തട്ടിയാൽ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി തിരുത്തി മുന്നോട്ട് പോകുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി. പാർട്ടി എല്ലാക്കാലത്തും അത്തരം തിരുത്തൽ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി തന്നെ ഒരു നിരന്തര പരിശോധനാ സംവിധാനമാണ്.
തെറ്റുകൾ തിരുത്തുന്നത് പ്രവർത്തകർക്കുള്ള ജാഗ്രതപ്പെടുത്തലാണ്. തെറ്റായ പ്രവണതകൾ തിരുത്തുന്ന പ്രക്രിയ എല്ലാക്കാലത്തും പാർട്ടിക്കുണ്ട്. പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതൃത്വം എത്തുമ്പോൾ ഈ പരിശോധനാ സമ്പ്രദായം വർദ്ധിക്കും. ഉന്നത സമിതികളിൽ കൃത്യമായ പരിശോധനകളുണ്ട്. അതാണ് പാർട്ടിയുടെ ശൈലിയെന്നും വിജയരാഘവൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പാർട്ടിയെ പ്രതിരോധത്തിലാക്കിയ തിരുവനന്തപുരത്ത് സിപിഎം കൂടുതൽ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, പ്രസിഡന്‍റ് ജോബിൻ ജോസ് എന്നിവരെയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. മദ്യലഹരിയിൽ സംസ്കൃത കോളേജ് പരിസരത്ത് നൃത്തം ചെയ്ത എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുലിനെ ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച ചേർന്ന ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി ജില്ലാ പ്രസിഡന്‍റ് ജോബിൻ ജോസിനോട് വിശദീകരണം തേടാനും തീരുമാനിച്ചിരുന്നു.