ക്യാബിൻ അറ്റൻഡന്റിന്റെ വിരലിൽ കടിച്ച് യാത്രക്കാരൻ; അടിയന്തിരമായി താഴെയിറക്കി ടർക്കിഷ് വിമാനം

വിമാനത്തിലെ ഒരു യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്റിന്റെ വിരലിൽ കടിച്ചതിനെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു.

ജക്കാർത്തയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഇയാൾ മദ്യലഹരിയിലായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ ഇയാളെ താക്കീത് ചെയ്യുകയും ശാന്തനാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇയാൾ ശാന്തനായില്ല എന്ന് മാത്രമല്ല, കൂടുതൽ അസ്വസ്ഥനാവുകയും ചെയ്തു. പ്രകോപിതനായ യാത്രക്കാരൻ ജീവനക്കാരിൽ ഒരാളുടെ വിരൽ പിടിച്ച് കടിക്കുകയായിരുന്നു. 

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ, യാത്രക്കാരൻ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുന്നത് കാണാം. ജീവനക്കാരനും തിരിച്ച് പ്രതികരിക്കുന്നുണ്ട്. വിമാനത്തിലെ മറ്റ് ക്രൂ അംഗങ്ങൾ ഇരുവരെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.