ആരണ്‍ ഫിഞ്ചിന് പകരം പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ഏകദിന ടീം ക്യാപ്റ്റന്‍

മെല്‍ബണ്‍: പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ആരണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഇത്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കമ്മിൻസ് ഓസ്ട്രേലിയയെ നയിക്കും.

നിലവിൽ ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനാണ് കമ്മിൻസ്. ഫിഞ്ചിന് കീഴിൽ കളിക്കുന്നത് താൻ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും കമ്മിൻസ് പറഞ്ഞു.

ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച പശ്ചാത്തലത്തിൽ മുൻ ക്യാപ്റ്റനും പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് ഒരു വർഷത്തെ അസാന്നിധ്യത്തിന് ശേഷം മടങ്ങിയെത്തിയ സ്റ്റീവൻ സ്മിത്തിനെ ക്യാപ്റ്റനായി നിയമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കമ്മിൻസിനെ തിരഞ്ഞെടുക്കുകയായിരുന്നു.