‘പത്താൻ’ ഭീഷണി തുടരുന്നു; മഹാരാഷ്ട്രയിലും വിലക്ക്
മഹാരാഷ്ട്ര: ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രമായ ‘പത്താന്’ മഹാരാഷ്ട്രയിലും വിലക്ക് ഭീഷണി. ചിത്രം നിരോധിക്കുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രാം കദം. ചിത്രത്തിലെ ഗാനരംഗത്തിൽ നടി ദീപിക പദുക്കോണിന്‍റെ വസ്ത്രധാരണം ഹിന്ദുത്വത്തെ അവഹേളിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവിയാണെന്നും ഹിന്ദുത്വത്തെ ബഹുമാനിക്കുന്ന സംസ്ഥാന സർക്കാരിനിത് അനുവദിക്കാനാവുന്ന ഒന്നല്ലെന്നും രാം കദം പറഞ്ഞു.
നേരത്തെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ചിത്രം നിരോധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സങ്കുചിതമായ കാഴ്ചപ്പാടുകൾ ശരിയല്ലെന്ന് നടൻ ഷാരൂഖ് ഖാൻ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പറഞ്ഞു. സിദ്ധാർത്ഥ് ആനന്ദാണ് പത്താൻ്റെ സംവിധായകൻ.
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ എന്നിവരെ കൂടാതെ ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അശുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സത്ചിത് പൗലോസാണ്. 2023 ജനുവരി 25 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി.