പത്താൻ പ്രദർശനം തടയണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ബിജെപി എംഎൽഎ
ന്യൂഡൽഹി: ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ ബിജെപി എംഎൽഎ നാരായൺ ത്രിപാഠി കേന്ദ്ര സർക്കാരിന് കത്തയച്ചു. ‘ബേശ്റാം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്‍റെ കാവി വസ്ത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനാണ് കത്തയച്ചത്.
ഇക്കാര്യം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ ശ്രദ്ധയിൽപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ‘ബേശ്റാം രംഗ്’ എന്ന ഗാനം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾ കത്തിക്കുമെന്ന് മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഹിന്ദു സംഘടനകളും ബി.ജെ.പിയും പറഞ്ഞിരുന്നു.
മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം, മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗോവിന്ദ് സിംഗ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി തുടങ്ങിയവരും ചിത്രത്തെ എതിർത്തു. പത്താൻ എന്ന ചിത്രം ഹിന്ദുത്വത്തെ അവഹേളിക്കുന്നതാണെന്നും ചിത്രം മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ രാം കദം പറഞ്ഞു.