സിപിഐയിൽ പുരുഷാധിപത്യം; സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധത: ബിജിമോൾ

പീരുമേട്: സി.പി.ഐയിൽ പുരുഷാധിപത്യമുണ്ടെന്ന് പീരുമേട് മുൻ എം.എൽ.എ ഇ.എസ് ബിജിമോൾ. തന്നെ സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധമാണെന്ന് ബിജിമോൾ ആരോപിച്ചു. “സ്ത്രീ സംവരണം വേണമെന്ന പാർട്ടി നിർദേശം അംഗീകരിക്കപ്പെട്ടില്ല. താന്‍ ജില്ലാ സെക്രട്ടറിയാവണമെന്ന് എൻഎഫ്ഐഡബ്ല്യു ശക്തമായ നിലപാെടടുത്തിരുന്നു. ഇതിനു പിന്നാലെ രൂക്ഷമായ ആക്രമണത്തിന് ഇരയാക്കപ്പെട്ടു. സ്ത്രീ എന്ന നിലയില്‍ അപമാനിക്കപ്പെട്ടു. ഇത് ഒരു ട്രോമ പോലെ തന്നെ വേട്ടയാടും” അവർ ഫെയ്ബുക്കിൽ കുറിച്ചു

സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജിമോൾ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച സിപിഐ ഇടുക്കി ജില്ലാ സമ്മേളനം കെ.സലിംകുമാറിനെയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതിനു പിന്നാലെയാണ് സിപിഐയ്ക്കെതിരെ വിമർശനവുമായി ബിജിമോൾ രംഗത്തെത്തിയത്. അതേസമയം, ബിജിമോളുടെ ആരോപണം നിഷേധിച്ച കൃഷിമന്ത്രി പി.പ്രസാദ്, സിപിഐയില്‍ സ്ത്രീ പ്രാതിനിധ്യമുണ്ടെന്ന് പറഞ്ഞു.