പോള്‍ മുത്തൂറ്റ് വധം; പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: പോൾ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പോൾ എം. ജോർജിന്‍റെ സഹോദരൻ ജോർജ് മുത്തൂറ്റ് ജോർജ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷൈന്‍ പോള്‍ എന്നിവരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി വിശദമായി കേൾക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്ലാ ഹർജികളും ഒരുമിച്ച് കേൾക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്. 2019ൽ പോൾ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീഷ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവരെയാണ് വിചാരണക്കോടതി വെറുതെ വിട്ടത്. വിചാരണക്കോടതിയുടെ ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാത്ത കേസിലെ രണ്ടാം പ്രതി കരി സതീഷിന്‍റെ ശിക്ഷ ഹൈക്കോടതി ശരിവയ്ക്കുക മാത്രമാണ് ചെയ്തത്.