എൻസിപി അധ്യക്ഷനായി പി.സി ചാക്കോ തുടരും

എൻസിപി സംസ്ഥാന പ്രസിഡന്റായി പി.സി. ചാക്കോ തുടരും. മന്ത്രി എ.കെ. ശശീന്ദ്രനാണ് ചാക്കോയുടെ പേരു നിർദേശിച്ചത്. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് പിന്താങ്ങി. ഇദ്ദേഹം ചാക്കോയ്ക്കെതിരെ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

അതേസമയം, ശശീന്ദ്രൻ പക്ഷത്തിന്റെ ഉറച്ച പിന്തുണ ലഭിച്ചിട്ടും സംഘടനാ തിരഞ്ഞെടുപ്പിൽ പി.സി. ചാക്കോ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ചാക്കോയുടെ സ്ഥാനാർഥികൾ പരാജയപ്പെട്ടിരുന്നു.

പിണറായി സര്‍ക്കാരിൽ എൻസിപിക്കു കിട്ടിയ മന്ത്രിസ്ഥാനം രണ്ടരവർഷം വീതം ശശീന്ദ്രനും തോമസ് കെ. തോമസും പങ്കുവയ്ക്കുമെന്ന ധാരണ അട്ടിമറിക്കാനാണ് ശശീന്ദ്രൻ ചാക്കോയെ പിന്തുണയ്ക്കുന്നതെന്നാണ് തോമസ് വിഭാഗം ആരോപിക്കുന്നത്. എന്നാൽ, സംസ്ഥാന എൻസിപിയുടെ നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് മുതിർന്ന നേതാവ് ടി.പി. പീതാംബരൻ നേരത്തേ വ്യക്തമാക്കിയിരുന്നു.