ഏഷ്യാ കപ്പ് വിവാദത്തിൽ അടിയന്തര യോഗം വിളിക്കണമെന്ന് പിസിബി

ലഹോർ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്‍റുമായി ബന്ധപ്പെട്ട തർക്കവും ആശങ്കയും പരിഹരിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ അടിയന്തര യോഗം വിളിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ നടക്കുന്ന ടൂർണമെന്‍റിലേക്ക് ടീം ഇന്ത്യയെ അയയ്ക്കില്ലെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റുമായ ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മറ്റൊരു നിഷ്പക്ഷ രാജ്യത്തേക്ക് മാറ്റണമെന്നും ജയ് ഷാ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം രമ്യമായി പരിഹരിച്ചില്ലെങ്കിൽ ബദലായി പാകിസ്താൻ ഏകദിന ലോകകപ്പിൽ നിന്ന് പിൻമാറുമെന്നും പിസിബി ഭീഷണി മുഴക്കി.

ഞായറാഴ്ച നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി ഇരു ക്രിക്കറ്റ് ബോർഡുകളും പരസ്യമായി കൊമ്പുകോർത്തിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഈ വിവാദത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ നിലപാട് ക്രിക്കറ്റ് ലോകത്ത് ഭിന്നത സൃഷ്ടിക്കുകയാണ്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ടീമിന്‍റെ പങ്കാളിത്തവും ഷായുടെ പ്രസ്താവന കാരണം ആശങ്കയിലാണ്.

ഏഷ്യാ കപ്പ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്ന് ഒരു ആശയവിനിമയവും നടന്നിട്ടില്ല. ടൂർണമെന്‍റ് പാകിസ്ഥാനിൽ നിന്ന് മാറ്റണമെന്ന ജയ് ഷായുടെ പ്രസ്താവന ഏകപക്ഷീയമാണെന്നും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പിസിബി പ്രസ്താവനയിൽ പറഞ്ഞു.