ബൈക്കില്‍ ഇന്ധനമില്ലാത്തതിന് പിഴ; വിശദീകരണവുമായി പോലീസ്

ആലുവ: ബൈക്കിൽ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിന് പൊലീസ് ചലാൻ നൽകിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ചലാൻ മെഷീനിൽ കോഡ് തെറ്റായി നൽകിയതിനാലാണ് ചലാൻ മാറ്റിയതെന്ന് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

കുറിപ്പ് ഇങ്ങനെയാണ്: എടത്തല പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂക്കാട്ടുപടിയിൽ 22 നായിരുന്നു സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കിൽ വൺവേ മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ പൊലീസ് തടയുകയും പിഴയടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അനധികൃത ലൈറ്റ് സ്ഥാപിച്ചതിന് 250 രൂപ പിഴയടയ്ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, ചലാൻ മെഷീനിലെ പിഴയുമായി ബന്ധപ്പെട്ട കുറ്റത്തിന്‍റെ കോഡ് നമ്പർ തിരഞ്ഞെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് അബദ്ധം പറ്റി.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 46(2)(ഇ) ആണ് തെറ്റായി വന്നത്. പിഴയടച്ച യുവാവ് ചലാനിൽ പരാമർശിച്ചിരിക്കുന്ന കുറ്റകൃത്യം രസകരമായി തോന്നിയതിനാൽ ചലാൻ ഒരു സ്റ്റാറ്റസായി വാട്ട്സ്ആപ്പിൽ പോസ്റ്റുചെയ്തു. പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധം മനസിലാക്കിയ പൊലീസ് യുവാവിനെ ബന്ധപ്പെടുകയും ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചലാൻ നൽകുകയും ചെയ്തു.