സെമിയിലെ പെനാല്‍റ്റി ഷൂട്ടൗട്ട് വിവാദം; ഇന്ത്യയോട് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ ക്ഷമ ചോദിച്ചു

ബിര്‍മിങ്ഹാം: കൗണ്‍ഡൗണ്‍ നടത്തേണ്ട ക്ലോക്കിലെ പിഴവിനെ തുടര്‍ന്ന് ഓസ്ട്രേലിയയ്ക്ക് മറ്റൊരു പെനാൽറ്റി കിക്ക് എടുക്കാൻ അനുമതി നൽകിയതിന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) ഇന്ത്യയോട് ക്ഷമാപണം നടത്തി. സ്ട്രോക്ക് പൂർത്തിയാക്കാൻ എടുത്ത സമയം കണക്കാക്കേണ്ട ക്ലോക്ക് പ്രവര്‍ത്തിച്ചില്ലെന്ന കാരണത്താലാണ് ഓസ്ട്രേലിയയ്ക്ക് വീണ്ടും അവസരം നൽകിയത്.

കോമൺവെൽത്ത് ഗെയിംസിന്‍റെ ഹോക്കി സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം 3-0ന് പരാജയപ്പെട്ടു. ഷൂട്ടൗട്ടിലെ ഓസ്‌ട്രേലിയയുടെ ആദ്യ സ്‌ട്രോക്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത തടഞ്ഞു. എന്നിരുന്നാലും, കൗണ്ട് ഡൗൺ ക്ലോക്ക് പ്രവർത്തിക്കുന്നില്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി ഓസ്ട്രേലിയയ്ക്ക് മറ്റൊരു അവസരം കൂടി നൽകി. ഇതിനെതിരെ ഇന്ത്യൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. 

അംബ്രോസിയ മലോണ്‍ രണ്ടാമതും അവസരം ലഭിച്ചതോടെ ഓസ്ട്രേലിയക്ക് ലീഡ് നൽകി. ഷൂട്ടൗട്ട് വിവാദമായതോടെ സംഭവം വിശദമായി പരിശോധിക്കുമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ അറിയിച്ചു.