പെൻഷൻ പ്രായപരിധി 58 ആക്കണം; ഹൈക്കോടതി ജീവനക്കാർ ഹർജി നൽകി

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചില ജീവനക്കാർ നൽകിയ ഹർജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഈ മാസം ആറിന് പരിഗണിക്കും. പെൻഷൻ പ്രായപരിധി 56 ൽ നിന്ന് 58 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തന്നെ കഴിഞ്ഞ മാസം സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്ന ജഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശയെ തുടർന്നാണിത്.

അതേസമയം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ നിയമന രീതിയും പെൻഷനും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. നിലവിലെ പെൻഷൻ സമ്പ്രദായം തുടരാം. എന്നാൽ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു.

ഈ ജീവനക്കാരെ മന്ത്രിമാർ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദം കോടതി അംഗീകരിച്ചു. പി എസ് സിയുമായി സഹകരിച്ച് നിയമനം നടത്തണമെന്നും നിയമനടപടികൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ആൻറി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെൻറ് നൽകിയ ഹർജിയാണ് ജസ്റ്റിസ് വി.ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.