‘മുന്നാക്ക ജാതിയിൽപ്പെട്ടവർ ഇപ്പോഴും തൊട്ടുകൂടായ്മയിൽ വിശ്വസിക്കുന്നു’: വെള്ളാപ്പള്ളി
കേരളത്തിൽ ഹൈന്ദവ ഐക്യത്തിന് സാധ്യതയില്ലെന്നും അതിനുള്ള ശ്രമങ്ങൾ താൻ നിർത്തിവെച്ചിരിക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യവുമായി താൻ മുന്നോട്ടുവച്ച പ്രചാരണങ്ങൾ പരാജയപ്പെട്ടു. വിവേചനം സമൂഹത്തിന്‍റെ പൊതുബോധത്തിൽ വളരെ ആഴത്തിൽ നിലനിൽക്കുന്നു. മുന്നാക്ക ജാതിയിൽപ്പെട്ടവർ ഇപ്പോഴും തൊട്ടുകൂടായ്മയിൽ വിശ്വസിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും അവർ നമ്മെ സ്വീകരിക്കാൻ തയ്യാറല്ല. ഈഴവ സമുദായത്തിൽപ്പെട്ട ഒരാൾ പോലും ശബരിമലയിൽ പൂജാരിയാകുന്നില്ല. ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉപദേശക സമിതികളിൽ പോലും മുന്നാക്ക വിഭാഗത്തിൽ പെടുന്നവരാണ്.
താനും സുകുമാരൻ നായരും ഒരുമിച്ച് നില്ക്കാൻ തീരുമാനിച്ചതായിരുന്നു. യു.ഡി.എഫ് സർക്കാരിൽ ഹിന്ദു സമുദായത്തിൽപ്പെട്ട ഒരാളെ സുപ്രധാന സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഇരുവരും ശ്രമിച്ചിരുന്നു. പക്ഷേ, ആ കൂട്ടുകെട്ട് നടന്നില്ല. ഞങ്ങളുടെ പിന്തുണയോടെ അവർ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പാക്കി.
ഈഴവ പ്രാതിനിധ്യം ഉറപ്പാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അവർ ഞങ്ങളെ അംഗീകരിച്ചാൽ നായർ സമുദായം അവർക്ക് വോട്ട് ചെയ്യില്ല. ബി.ജെ.പിയുടെ ഈഴവ വോട്ടർമാർ സ്ഥാനാർത്ഥിയുടെ ജാതി ഭേദമന്യേ അവർക്ക് വോട്ട് ചെയ്യും, എന്നാൽ നായർ സമുദായത്തിൽപ്പെട്ട ബി.ജെ.പി വോട്ടർമാർ മറ്റ് ജാതിയിൽപ്പെട്ടവർക്ക് വോട്ട് ചെയ്യില്ല, വെള്ളാപ്പള്ളി പറഞ്ഞു.