ത്രിവർണ പതാകയ്ക്കായി ജനം ആർത്തുവിളിക്കും; ഖത്തറിലേത് പോലെ ഇന്ത്യയിലും നടക്കുമെന്ന് മോദി

ഷില്ലോങ്: ഖത്തറിലേത് പോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്ബോൾ ലോകകപ്പ് ആവേശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകൾ ത്രിവർണ പതാകയ്ക്കായി ആർപ്പുവിളിക്കും. അത്തരമൊരു ദിവസം വിദൂരമല്ലെന്ന് മേഘാലയയിലെ ഷില്ലോങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

ഷില്ലോങ്ങിൽ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി കിഷൻ റെഡ്ഡി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.

‘ഇന്ന് നമ്മൾ ഖത്തറിലെ കളി നോക്കുകയാണ്. അവിടെ കളത്തിലിറങ്ങിയ വിദേശ ടീമുകളെ നോക്കുന്നു. പക്ഷേ, ഈ രാജ്യത്തെ യുവജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്. അതിനാൽ ആ ദിവസം വളരെ അകലെയല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരം ഒരു ഉത്സവം ഇന്ത്യയിലും നടക്കും. അന്നേ ദിവസം ജനങ്ങൾ ത്രിവർണപതാകയ്ക്ക് വേണ്ടി ആർപ്പുവിളിക്കും’ മോദി പറഞ്ഞു.