Latestകേരളം

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റത്തിനെതിരായ ഹർജി; വാദം പൂർത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹർജിയിൽ വാദം പൂർത്തിയായി. വിധി പ്രസ്താവിക്കാനായി ഹർജി ഹൈക്കോടതി മാറ്റിവെച്ചു. ഹർജിയിൽ രഹസ്യവാദമാണ് നടന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച വാദം വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.

അതേസമയം, കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. അടുത്ത വർഷം ജനുവരി 31 നകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. വിചാരണ സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് നാലാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.