രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന ഉയര്‍ന്നു; 11.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

നവംബറിൽ ഇന്ത്യയിലെ പെട്രോൾ വിൽപ്പന 11.7 ശതമാനം ഉയർന്ന് 2.66 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2.38 ദശലക്ഷം ടണ്ണായിരുന്നു. ഉത്സവ സീസണിൽ ഡിമാൻഡ് വർദ്ധിച്ചതിനാൽ നവംബറിലെ വിൽപ്പന ഒക്ടോബർ മാസത്തേക്കാൾ 1.3 ശതമാനം വർദ്ധിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്‍റെ വിൽപ്പന നവംബറിൽ 27.6 ശതമാനം വർദ്ധിച്ച് 7.32 ദശലക്ഷം ടണ്ണായി. 2020 നവംബറിനെ അപേക്ഷിച്ച് ഉപഭോഗം 17.4 ശതമാനം വർദ്ധിച്ചു.

മൺസൂൺ, കുറഞ്ഞ ഡിമാൻഡ് എന്നിവ കാരണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ധന വിൽപ്പന കുറവായിരുന്നു. എന്നിരുന്നാലും, സെപ്റ്റംബർ മുതൽ, ഇന്ധന വിൽപ്പനയിൽ വർദ്ധനവുണ്ടായി. 2022 ഒക്ടോബറിലെ 6.25 ദശലക്ഷം ടൺ വിൽപ്പനയിൽ നിന്ന് 17.1 ശതമാനം വർദ്ധനവാണിത്. കാർഷിക സീസണിൽ ഡീസലിന്‍റെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. ഒക്ടോബറിൽ, ജലസേചന പമ്പുകളിലും ട്രക്കിംഗിലും ഇന്ധനത്തിന്‍റെ ഉപയോഗം വർദ്ധിച്ചു.

ഇന്ത്യയുടെ വ്യോമയാന മേഖല തുറന്നതോടെ വിമാനത്താവളങ്ങളിലെ മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലവാരത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2022 നവംബറിൽ ജെറ്റ് ഇന്ധന വിൽപ്പന 21.5 ശതമാനം ഉയർന്ന് 572,200 ടണ്ണായി. ഇത് 2020 നവംബറിനെ അപേക്ഷിച്ച് 60.8 ശതമാനം വർദ്ധനവാണ്.