പിഎഫ്ഐ നിരോധനം; തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നിരോധിത സംഘടനകളുടെ ഓഫീസുകൾ പൂട്ടി സീൽ ചെയ്യണം. സ്വത്തുക്കൾ കണ്ടുകെട്ടണം. പേര് മാറ്റിയോ മറ്റേതെങ്കിലും രീതിയിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കണം. നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. നിരോധിത സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യാനും അവരുടെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടാനുമാണ് നിർദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്കും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയത്. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള നിരോധിത സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് സ്വത്തുക്കളുടെയും പട്ടിക കളക്ടർമാർ തയ്യാറാക്കി സീൽ ചെയ്യണം. ഇവ തുടർന്ന് ഉപയോഗിക്കാൻ അനുവദിക്കില്ല. എല്ലാത്തരം പ്രചാരണ പരിപാടികളും നിരോധിക്കും. കളക്ടറുടെ അനുമതിയില്ലാതെ ജപ്തി ചെയ്ത കെട്ടിടങ്ങളിൽ കയറിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. സംഘടനയുടെ ചുമതലയുള്ള കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യും.