പിഎഫ്ഐ കേസ്; മുഹമ്മദ് മുബാറക് ആയുധ പരിശീലകനെന്ന് എൻഐഎ, കസ്റ്റഡിയിൽ വിട്ടു
കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ അഞ്ച് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ടിന്‍റെ പ്രധാന ആയുധ പരിശീലകനാണ് മുഹമ്മദ് മുബാറക് എന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. ഇയാൾ ആയോധനകല പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതിഭാഗം വാദിച്ചു.
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിനെ തുടർന്നാണ് എറണാകുളം സ്വദേശി അഡ്വക്കേറ്റ് മുഹമ്മദ് മുബാറക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ നേതാക്കളെ വധിക്കാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്ക്വാഡിലെ അംഗമായിരുന്നു മുഹമ്മദ് മുബാറക് എന്നാണ് കോടതിയെ അറിയിച്ചത്.
അഡ്വക്കേറ്റ് മുഹമ്മദ് മുബാറക് ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നുവെന്നാണ് എടവനക്കാട് നിവാസികൾക്കും ലോക്കൽ പൊലീസിനും അറിയാമായിരുന്നത്. കുംഫൂ ഉൾപ്പെടെയുള്ള ആയോധനകലകളിൽ ദീർഘകാലമായി അദ്ദേഹം വിദഗ്ദ്ധനായിരുന്നു. അതിനാൽ, പ്രദേശത്തെ ചെറുപ്പക്കാരടക്കമുളളവരുമായി അടുപ്പമുണ്ടായിരുന്നു. വക്കീലായി കൊച്ചിയിൽ പോയതോടെയാണ് നാട്ടിലുള്ള പതിവ് ബന്ധങ്ങൾ നിലച്ചത്.