പൊലീസിലെ പി.എഫ്.ഐ ബന്ധം; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളപൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കൈമാറിയെന്ന റിപ്പോർട്ടുകൾ കേരള പൊലീസ് നിഷേധിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങൾ എൻ.ഐ.എ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

ഇത്തരം പൊലീസുകാരുടെ ഫോൺ രേഖകൾ എൻഐഎ പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡുകൾക്ക് ശേഷവും പൊലീസും നേതാക്കളും തമ്മിൽ നിരന്തരം ബന്ധമുണ്ടായിരുന്നു. ഹർത്താലിനിടെ പോലീസും നേതാക്കളും ഫോണിൽ ബന്ധപ്പെട്ടിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലീസിന്റെ ഡാറ്റാ ബേസില്‍ നിന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. അയാളെ പിരിച്ചുവിട്ടു. കോട്ടയത്ത് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഈ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ എൻഐഎ കൈമാറിയെന്ന വാർത്ത വന്നത്.