പി.എഫ്.ഐ ഹർത്താൽ; സ്വത്തുക്കൾ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. പോപ്പുലർ ഫ്രണ്ടിന്‍റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്‍റെയും സ്വത്തുക്കൾ കണ്ടുകെട്ടാനാണ് നീക്കം. പോപ്പുലർ ഫ്രണ്ടിന്‍റെ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹർത്താലുമായി ബന്ധപ്പെട്ടാണ് നടപടി.

ഹർത്താലിന് നേതൃത്വം നൽകിയ നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് സർക്കാർ നടപടി. പോപ്പുലർ ഫ്രണ്ടും അബ്ദുൾ സത്താറും ഹൈക്കോടതിയിലുള്ള കേസിൽ 12ഉം, 13ഉം കക്ഷികളാണ്. ഇവരുടെ സ്വത്തുക്കളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി രജിസ്ട്രേഷൻ ഐജിക്ക് കത്തയച്ചു. കത്തിനുള്ള മറുപടിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ഇവരുടെ സ്വത്തുക്കൾ പരിശോധിക്കും. പിന്നീട് ജപ്തി നടപടികളിലേക്ക് നീങ്ങും.

അതേസമയം പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി. പാലക്കാട് എസ്.പി ഓഫീസിൽ എത്തിച്ചാണ് തെളിവെടുപ്പ്. നിരോധനത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവര്‍ക്ക് ഒളിയിടം ഒരുക്കിക്കൊടുത്തു, വിദേശ ഫണ്ട് സ്വരൂപിച്ചു തുടങ്ങിയ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് തെളിവെടുപ്പ് നടത്തിയത്. ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതിലും റൗഫിന് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്‍റെ വിദേശ ബന്ധങ്ങളിലും പ്രവർത്തനങ്ങളിലും റൗഫിനുള്ള പങ്കും അന്വേഷിക്കും.