ഫീനിക്‌സ് ഏഞ്ചല്‍സും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൈകോര്‍ത്തു

കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്.യു.എം) ഫീനിക്സ് എയ്ഞ്ചൽസും പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു. കെഎസ്‌യുഎം സംഘടിപ്പിച്ച ഹഡില്‍ സിഗ്ലോബൽ കോണ്‍ക്ലേവ് 2022 ൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് കരാർ സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. തൃശൂരിലെ ഒരു നോൺ-പ്രോഫിറ്റ് നിക്ഷേപ ശൃംഖലയാണ് ഫീനിക്സ് ഏഞ്ചൽസ്.

ജോ രഞ്ജി (ഡബിൾ ഹോഴ്സ് ഫുഡ്സ്), ഷിറാജ് ജേക്കബ് (എസ്ആർആർ ക്യാപിറ്റൽ), ഹരികൃഷ്ണൻ വി (ചാർട്ടേഡ് അക്കൗണ്ടന്‍റ്) എന്നിവരാണ് കമ്പനിയെ പിന്തുണയ്ക്കുന്നത്. ഫണ്ടിംഗ്, മെന്‍ററിംഗ്, മാർക്കറ്റ് ആക്സസ് എന്നിവ നൽകിക്കൊണ്ട് കമ്പനി ഫാമിലി ഓഫീസുകൾ, വിജയകരമായ സംരംഭകർ, പ്രൊഫഷണലുകൾ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. ഇത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു.

സ്റ്റാർട്ടപ്പ് മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത 5 സ്റ്റാർട്ടപ്പുകളിൽ ഫീനിക്സ് ഏഞ്ചൽസ് ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്നത്തെ സംരംഭകർക്ക് സാമ്പത്തിക മൂലധനം മാത്രമല്ല, വർഷങ്ങളായുള്ള വ്യവസായ അറിവിൽ നിന്നും അനുഭവ സമ്പത്തിൽ നിന്നും ലഭിക്കുന്ന മൂലധനവും ആവശ്യമാണെന്ന് ഷിറാജ് ജേക്കബ് പറഞ്ഞു.