മാതൃകമ്പനിയായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഫോൺപേ വേർപിരിയുന്നു

ഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടും ഫോൺപേയും പിരിയുന്നു. വേർപിരിയൽ രണ്ട് ബിസിനസുകൾക്കും അവരുടെ സ്വന്തം പാതകൾ സൃഷ്ടിക്കാൻ ആണ്. 2016-ലാണ് ഫോൺപേ ഗ്രൂപ്പിനെ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്‍റ് പ്ലാറ്റ്‌ഫോമാണ് നിലവിൽ ഫോൺപേ.

ഇന്ത്യൻ വിപണിക്ക് അനുസൃതമായി കമ്പനി ഉൽപ്പന്നങ്ങളും ഓഫറുകളും നിർമ്മിക്കുന്നു. 400 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. നാലിൽ ഒരു ഇന്ത്യക്കാരൻ ഇപ്പോൾ ഫോൺപേ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തും വിദേശത്തുമായി ടയർ 2, 3, 4 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 35 ദശലക്ഷത്തിലധികം ഓഫ്‌ലൈൻ വ്യാപാരികളെ ഫോൺപേ വിജയകരമായി ഡിജിറ്റലൈസ് ചെയ്തു.

400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യൻ ബ്രാൻഡുകളാണ് ഫ്ലിപ്കാർട്ടും ഫോൺപേയും. ഇൻഷുറൻസ്, വെൽത്ത് മാനേജ്മെന്‍റ്, വായ്പ തുടങ്ങിയ പുതിയ ബിസിനസുകളിൽ നിക്ഷേപം നടത്തുമ്പോൾ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഫോൺപേയുടെ സ്ഥാപകനും സിഇഒയുമായ സമീർ നിഗം പറഞ്ഞു.