കോബി ബ്രയാന്റെ മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോ പരസ്യമാക്കി; 248 കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്
വാഷിങ്ടണ്‍: അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയന്‍റിന്‍റെ ഹെലികോപ്റ്റർ അപകടത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയതിന് താരത്തിന്റെ ഭാര്യ വനേസക്ക് 248 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടു. 2020 ൽ കോബി ബ്രയന്‍റും അദ്ദേഹത്തിന്‍റെ 13 വയസ്സുള്ള മകളും ഉൾപ്പെടെ ഏഴ് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം കോബി ബ്രയന്റിന്റെ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് ആരോപിച്ചാണ് വനേസ നിയമനടപടി സ്വീകരിച്ചത്. ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫിനും ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും എതിരെയാണ് വനേസ കേസ് ഫയൽ ചെയ്തത്.
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മറ്റ് ആളുകളുടെ കുടുംബാംഗങ്ങളും വനേസയുടെ ഹർജിയിൽ കക്ഷിചേർന്നിരുന്നു. 11 ദിവസത്തെ വിചാരണയ്ക്കൊടുവിൽ വിധി കേൾക്കവേ ലോസ് ഏഞ്ചൽസ് ഫെഡറൽ കോടതിമുറിയിൽ ഇരുന്ന വനേസ പൊട്ടിക്കരഞ്ഞു.