സൂര്യനെക്കണ്ടാല്‍ പിങ്ക്, വെയിലടിച്ചാല്‍ നിറം മാറുന്ന വസ്ത്രം; അമ്പരന്ന് സോഷ്യല്‍ മീഡിയ
വ്യത്യസ്തമായ പരീക്ഷണങ്ങളാണ് ഫാഷൻ ലോകത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ളതിൽ നിന്ന് വ്യത്യസ്മായി ലുക്കിൽ അടിമുടി മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരീക്ഷണങ്ങളെല്ലാം. ഇത്തരത്തിൽ വ്യത്യസ്തമായൊരു പരീക്ഷണമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വെയിലടിച്ചാൽ നിറം മാറുന്ന ഒരു വസ്ത്രമാണിത്.
സൂര്യപ്രകാശത്തിൽ നിറം മാറുന്ന ഡ്രസ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇസി പൂപ്പി എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച ഇവർ പുറത്ത് സൂര്യപ്രകാശമുള്ള സ്ഥലത്ത് പോയി നിൽക്കുമ്പോൾ ഡ്രസിന്റെ നിറം പിങ്കായി മാറുന്നത് വീഡിയോയിൽ കാണാം. ഈ വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രങ്ങളും ഇസി പങ്കുവെച്ചിട്ടുണ്ട്.
2.4 കോടി പേരാണ് ഈ വീഡിയോ കണ്ടത്. 20 ലക്ഷത്തിലേറെ ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നിറം മാറുന്ന വസ്ത്രം കണ്ടതിലെ ആശ്ചര്യം പല സാമൂഹിക മാധ്യമ ഉപയോക്താക്കളും പങ്കുവെച്ചു. ഇത്തരമൊരു വസ്ത്രമുണ്ട് എന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെ നിറം മാറുന്ന സ്കേർട്ടിന്റെ വീഡിയോയും യുവതി പോസ്റ്റ് ചെയ്തിരുന്നു.