കോൺഗ്രസിനെ വിശ്വസിക്കാൻ ആർക്കെങ്കിലും കഴിയുമോയെന്ന് പികെ ശ്രീമതി

മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ട സംഭവത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവും മുൻ എംപിയുമായ പികെ ശ്രീമതി. കോണ്‍ഗ്രസിനെ ആർക്കെങ്കിലും വിശ്വസിക്കാനാകുമോ? ഇല്ല എന്ന് ദൈനംദിന അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു,” ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പി സർക്കാർ നിയമിച്ച കേരളാഗവർണ്ണരുടെ പെരുമാറ്റവും വ്യക്തി ഹത്യ നടത്തുന്ന അധിക്ഷേപാർഹമായ വാക്കുകളും തുടർച്ചയായി ഉണ്ടാകുമ്പോഴെങ്കിലും ഒരക്ഷരം പ്രതികരിക്കാതെ മൗനം ദീക്ഷിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എന്താണെന്നും ശ്രീമതി ചോദിക്കുന്നു.

ഗുലാം നബി ആസാദും കോണ്‍ഗ്രസ് വിട്ടു. 2014-19 ൽ ലോക്സഭയിൽ രണ്ടാമനും രാഹുൽജിയുടെ വലംകൈയുമായിരുന്ന ജ്യോതിരാദിത്യസിന്ധ്യ ഇന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമാണ്. രണ്ടു തോണിയിലും കാലുവെച്ച്‌ രാഷ്ട്രീയ സർക്കസ്‌ കളിക്കുന്നതിനോ ഒരു തോണിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കേ മറ്റൊരു തോണിയിൽ ചാടി കയറാനോ ഒരു മടിയുമില്ലാത്ത ഇത്തരക്കാർ ഒന്നിച്ച്‌ നിൽക്കുന്നവരെ മാത്രമല്ല രാജ്യത്തേയും ജനതയേയും വഞ്ചിക്കുകയാണ്.

ഒരു വ്യാഴ വട്ടക്കാലത്തിനു മുമ്പുള്ളചിത്രമാണിത്‌. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ ഇന്നത്തെ മൗനം അർത്ഥഗർഭമാണ്. ബി.ജെ.പി സർക്കാർ നിയമിച്ച കേരളാഗവർണ്ണരുടെ പെരുമാറ്റവും വ്യക്തിഹത്യ നടത്തുന്ന അധിക്ഷേപാർഹമായ വാക്കുകളും തുടർച്ചയായി ഉണ്ടാകുമ്പോഴെങ്കിലും ഒരക്ഷരം പ്രതികരിക്കാതെ മൗനം ദീക്ഷിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എന്താണ്? പറയേണ്ടതില്ലല്ലോ? ഇന്ത്യയിൽ എല്ലാ സ്റ്റേറ്റിലും അക്കരെ പച്ച നോക്കിപോകുന്ന കോൺഗ്രസ്‌ നേതാക്കൾ അധികം വൈകാതെ കേരളത്തിലും കാണാമെന്നല്ലേ കരുതേണ്ടത്‌?- ശ്രീമതി കുറിപ്പ് അവസാനിപ്പിക്കുന്നു.