സൂറത്തിൽ പ്ലേഗ് ഉണ്ടായത് നായ്ക്കളെ കൂട്ടത്തോടെ കൊന്നതിന്റെ ഫലമായി: കോഴിക്കോട് മേയർ

കോഴിക്കോട്: തെരുവുനായ്ക്കളുടെ പ്രശ്നത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുകയല്ല പരിഹാരമെന്നും, തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും അവർ പറഞ്ഞു.

“‘തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിന്റെ ഫലമായാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്. നായകളും അവയുടേതായ കർത്തവ്യങ്ങൾ വഹിക്കുന്നുണ്ട്. നമ്മൾ അത് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. നായ്ക്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണം. മനുഷ്യന് ഏറ്റവും അടുപ്പമുള്ള മൃഗമാണ് നായ. നായ്ക്കളെ പരിപാലിക്കാൻ നാം ശ്രദ്ധിക്കണം. അകാരണമായ ഭീതി ഒഴിവാക്കി നായ്ക്കളെ സ്‌നേഹിച്ച് സൗമ്യരാക്കാൻ നമുക്ക് സാധിക്കും.” കോഴിക്കോട് മേയർ ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.