യുഎസ് ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി; 3 പേർക്ക് ജയിൽ ശിക്ഷ

യുഎസിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവർക്ക് ജയിൽ ശിക്ഷ. മിഷിഗണിലെ ഡെമോക്രാറ്റിക് ഗവർണറായ ഗ്രെച്ചൻ വിറ്റ്മറിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. ജോസഫ് മോറിസൺ (28), ഭാര്യാപിതാവ് പീറ്റെ മ്യൂസികോ (44), പോൾ ബെല്ലർ (23) എന്നിവരാണ് സംഘാംഗത്വം, നിയമം ലംഘിച്ച് തോക്കുകൾ കൈവശം വയ്ക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചാർത്തി ശിക്ഷിക്കപ്പെട്ടത്. 

ഇവർ 20 വർഷം ജയിലിൽ കഴിയേണ്ടിവരും. ഗവർണറെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതിന് 2020 ഒക്ടോബറിൽ അറസ്റ്റിലായ 13 പേരിൽ ഉൾപെട്ടവരാണ് ഇവർ. വോൾവറിൻ വാച്ച്‌മെൻ എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. കോവിഡിന്‍റെ തുടക്കത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നാണ് വിറ്റ്മറിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ പദ്ധതിയിട്ടതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.  

വിറ്റ്മറിനെ തോക്ക് ചൂണ്ടി രാജ്യദ്രോഹം ആരോപിച്ച് വിചാരണ ചെയ്യാനും സംഘം പദ്ധതിയിട്ടിരുന്നു. ഇത് രാജ്യത്തെ കലാപത്തിലേക്കും ആഭ്യന്തര യുദ്ധത്തിലേക്കും നയിക്കുമെന്ന് സംഘം പ്രതീക്ഷിച്ചു.