ചൊവ്വയിൽ വളരുന്ന ചെടി; അൽഫാൽഫ യാത്രികർക്ക് ഭക്ഷണം നൽകും

ബഹിരാകാശ മേഖലയിൽ വലിയ മത്സരങ്ങൾ നടക്കുന്ന സമയമാണിത്. ഭാവിയിൽ ചന്ദ്രൻ, ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും കോളനികൾ സ്ഥാപിക്കാനും കഴിയുമെന്ന് മനുഷ്യവംശം കണക്കാക്കുന്നു. ഈ പ്രതീക്ഷകൾ സിനിമകളിൽ പോലും പ്രതിഫലിക്കുന്നു. 2015-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ സ്പേസ് ത്രില്ലർ ദ മാർഷ്യൻ ആയിരുന്നു അത്തരമൊരു ചിത്രം. ചൊവ്വയിൽ കുടുങ്ങുകയും രക്ഷപ്പെടുന്നതുവരെ അവിടെ താമസിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മാറ്റ് ഡാമൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചൊവ്വയിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് ഭക്ഷിച്ച് തന്‍റെ ജീവിതം നിലനിർത്താൻ ശ്രമിക്കുകയാണ് മാറ്റ് ഡാമൺ.

ഇപ്പോൾ യുഎസിലെ ശാസ്ത്രജ്ഞർ ചൊവ്വയിൽ ഭക്ഷണം നൽകാൻ ആകുന്ന പ്ലാന്‍റിന്‍റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നു. ഇത് അൽഫാൽഫ എന്നറിയപ്പെടുന്ന ഒരു സസ്യമാണ്. അൽഫാൽഫ ഒരു നേരിട്ടുള്ള ഭക്ഷണമായി ഉപയോഗിക്കാൻ പോകുന്നില്ല. മറ്റ് ഭക്ഷ്യയോഗ്യമായ വിളകൾ വളർത്തുന്നതിനുള്ള ഒരു മാധ്യമമായി ഇത് ഉപയോഗിക്കും.

ഇപ്പോൾ യുഎസിൽ നടത്തിയ ഒരു ഗവേഷണം തെളിയിക്കുന്നത് അൽഫാൽഫ സസ്യങ്ങൾക്ക് ചൊവ്വയിലെ മണ്ണുമായി വലിയ സാദൃശ്യമുള്ള അഗ്നിപർവ്വത മണ്ണിൽ വളരാൻ കഴിയുമെന്നാണ്. ഈ ചെടികൾ വളമായും ഉപയോഗിക്കാം. ടർണിപ്, റാഡിഷ്, ലെറ്റിയൂസ് തുടങ്ങിയ സസ്യങ്ങൾ ഈ വളം ഉപയോഗിച്ച് വളർത്താം. ചൊവ്വയിൽ കാണപ്പെടുന്ന ഉയർന്ന ലവണാംശമുള്ള വെള്ളത്തിൽ നിന്ന് ലവണങ്ങളെ വേർതിരിക്കാൻ സഹായിക്കുന്ന ഒരു ബാക്ടീരിയയും ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ കണ്ടെത്തലുകളെല്ലാം ഭാവിയിൽ ചൊവ്വ കോളനികൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.