പ്ലസ് ടൂ റിസൾട്ടിൽ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഈ വർഷം പുറത്തുവന്ന പ്ലസ് ടു ഫലം അതിന്റെ നല്ല ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
83.87% ആയിരുന്നു ഈ വർഷത്തെ വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കൊവിഡ് മഹാമാരിയുടെ വെല്ലുവിളികളെ കേരളം നേരിട്ടുവെന്നും ആ വെല്ലുവിളികൾ മറന്ന് ഉയർന്ന വിജയശതമാനം കൈവരിച്ചത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പരീക്ഷയിൽ യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കും മുഖ്യമന്ത്രി പിന്തുണ നൽകി. അത്തരം വിദ്യാർത്ഥികൾ നിരാശരാകരുതെന്നും അടുത്ത പരീക്ഷയിൽ മുന്നേറാൻ ആവശ്യമായ ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.