മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച; കൊവിഡ് സാഹചര്യം വിലയിരുത്തി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നടത്തേണ്ട തയ്യാറെടുപ്പുകളും കോവിഡിനെ നേരിടാൻ കേരളം നടത്തിയ തയ്യാറെടുപ്പുകളും ചർച്ചാവിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കും.

കേരളത്തിലെ ദേശീയപാതാ വികസനത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജൽ ജീവൻ മിഷൻ, വിവിധ ദേശീയപാത പദ്ധതികൾ, മറ്റ് പദ്ധതികൾ എന്നിവയും വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി ചർച്ച ചെയ്തു. ഇരുവരും പരസ്പരം പുതുവത്സരാശംസകൾ നേർന്നു. പൊന്നാട അണിയിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്. കഥകളി ശിൽപം സമ്മാനമായി നൽകി. ചീഫ് സെക്രട്ടറി വി.പി.ജോയിയും യോഗത്തിൽ പങ്കെടുത്തു.