‘ദ കേരള സ്റ്റോറി’ തീവ്രവാദം തുറന്നുകാട്ടുന്ന സിനിമ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് കോണ്‍ഗ്രസ്; പ്രധാനമന്ത്രി
‘ദ കേരള സ്റ്റോറി’യെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് ദ കേരള സ്‌റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം കേരള സ്റ്റോറി സിനിമയെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. അതേസമയം കേരളത്തില്‍ കോണ്‍ഗ്രസും, സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ കേരള സ്റ്റോറിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരള സ്‌റ്റോറിക്കെതിരെ മുഖ്യമന്ത്രിയും രംഗത്തുവന്നിരുന്നു.
ദ കേരള സ്റ്റോറി എന്ന സിനിമ സംഘ്പരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ ഭാഗമാണിതെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.