രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി; ക്ഷമാപണം

ജയ്പുർ: രാത്രി 10 മണിയായെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലെ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണമുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വേദിയിൽ തടിച്ചുകൂടിയ ജനത്തോട് ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി, സിറോഹിയിൽ വീണ്ടും വരുമെന്നും ഉറപ്പു നൽകി.

“ഇവിടെയെത്താൻ വൈകിപ്പോയി. ഇപ്പോൾ സമയം രാത്രി പത്തായി. നിയമവും ചട്ടങ്ങളും അനുസരിക്കുന്നതാണ് ഉചിതമെന്ന് എന്റെ മനസ്സു പറയുന്നു. അതുകൊണ്ട് നിങ്ങളോട് ക്ഷമ ചോദിക്കുന്നു.” ഉച്ചഭാഷിണി ഉപയോഗിക്കാതെ പ്രധാനമന്ത്രി വ്യക്തമാക്കി.

“പക്ഷേ, ഒരു കാര്യം നിങ്ങൾക്ക് ഞാൻ ഉറപ്പു നൽകുന്നു. ഇതിനു പകരം മറ്റൊരു ദിവസം ഞാൻ ഇവിടെ വന്ന് നിങ്ങൾ എന്നോടു കാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും പലിശസഹിതം തിരികെ നൽകും.” മോദി പറഞ്ഞു. ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്നു ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ അല്ലാതെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം.