ഷാങ്ഹായ് കോ-ഓപ്പറേഷൻ ഉച്ചകോടിയിൽ അകലം പാലിച്ച് ഷി ജിൻപിങ്ങും മോദിയും

ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക, സുരക്ഷാ സഹകരണ സഖ്യമായ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്സിഒ) പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി അകലം പാലിച്ചു. ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷം ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദിയും പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും ലോക വേദി പങ്കിടുന്നത്. ഉച്ചകോടിക്കിടെ ഇരുനേതാക്കളും പരസ്പരം അകലം പാലിച്ചു.

വ്യാഴാഴ്ച വൈകുന്നേരം നടന്ന അത്താഴവിരുന്നിൽ നിന്ന് വിട്ടുനിന്ന മോദി വാർഷിക ഉച്ചകോടിക്കായി വെള്ളിയാഴ്ച കൃത്യസമയത്ത് എത്തിയതായും പറയപ്പെടുന്നു. ഫോട്ടോ എടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും പരസ്പരം ചേർന്ന് നിന്നെങ്കിലും പുഞ്ചിരിക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, മറ്റ് നേതാക്കൾ എന്നിവർ എസ്.സി.ഒയിൽ പങ്കെടുക്കുകയും പ്രാദേശിക സുരക്ഷാ സാഹചര്യവും വ്യാപാരവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.