മോദി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസ്. ഇന്ത്യക്ക് രണ്ട് രാഷ്ട്രപിതാക്കൻമാരുണ്ടെന്നും അതിൽ നരേന്ദ്ര മോദി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നും മഹാത്മാ ഗാന്ധി പഴയ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നും അമൃത പറഞ്ഞു.
കഴിഞ്ഞ വർഷവും അമൃത മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ചിരുന്നു. മോദി രാഷ്ട്രപിതാവാണെങ്കിൽ ആരാണ് മഹാത്മാ ഗാന്ധി എന്ന ചോദ്യത്തിനാണ് ഇന്ത്യക്ക് രണ്ട് രാഷ്ട്രപിതാക്കൻമാരുണ്ടെന്നും ഗാന്ധി പഴയ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നും അവർ പറഞ്ഞത്.
അതേസമയം അമൃതയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ യശോമതി ഠാക്കൂർ രംഗത്തെത്തി. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും പ്രത്യയശാസ്ത്രം പിന്തുടരുന്നവർ മഹാത്മാഗാന്ധിയെ വീണ്ടും വീണ്ടും കൊല്ലാൻ ശ്രമിക്കുകയാണ്. നുണകൾ ആവർത്തിച്ചും ഗാന്ധിയെപ്പോലുള്ള മഹാൻമാരെ അപകീർത്തിപ്പെടുത്തിയും ചരിത്രം മാറ്റിയെഴുതാനുള്ള തിടുക്കത്തിലാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അവർ പറഞ്ഞു.