പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തി; ഭരണഘടനാ ലംഘനമെന്ന് യെച്ചൂരി

പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി മതപരമായ ചടങ്ങുകൾ നടത്തി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു. സംഭവത്തെ സിപിഐ(എം) ശക്തമായി അപലപിക്കുന്നുവെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. വെങ്കലത്തിൽ നിർമ്മിച്ച അശോക സ്തംഭത്തിന് 6.5 മീറ്റർ ഉയരവും 9500 കിലോഗ്രാം ഭാരവുമുണ്ട്. പാർലമെന്‍റ് മന്ദിരത്തിന്‍റെ മുകളിലാണ് അശോക സ്തംഭം സ്ഥാപിച്ചിരിക്കുന്നത്. അനാച്ഛാദന ചടങ്ങിന് മുമ്പ് പൂജയും നടത്തി. ലോക്സഭാ സ്പീക്കർ ഓം ബിർള, നഗരകാര്യ മന്ത്രി ഹർദീപ് പുരി എന്നിവരും അനാച്ഛാദന ചടങ്ങിൽ സന്നിഹിതരായിരുന്നു.