പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം; സുരക്ഷാവീഴ്ച ഉണ്ടായതായി സുപ്രീംകോടതി സമിതി

ന്യൂഡല്‍ഹി: ഫിറോസ്പൂരിലെ പ്രധാനമന്ത്രിയുടെ റാലിയിൽ സുരക്ഷാവീഴ്ചയുണ്ടായതായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ജനുവരി അഞ്ചിന് നടന്ന റാലിക്കിടെ റോഡ് മാർഗം യാത്ര ചെയ്ത പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തിയെന്നാണ് സമിതിയുടെ കണ്ടെത്തൽ. പ്രധാനമന്ത്രിയുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി ബ്ലൂ ബുക്ക് പരിഷ്കരിക്കാനും സമിതി ശുപാർശ ചെയ്തു. സമിതിയുടെ റിപ്പോർട്ട് സർക്കാരിന് കൈമാറാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടായിട്ടും ക്രമസമാധാന നില ഉറപ്പാക്കുന്നതിൽ എസ്എസ്പി പരാജയപ്പെട്ടുവെന്ന് സമിതി കണ്ടെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് സർക്കാരിന് കൈമാറാൻ നിർദേശം നൽകിയത്. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ദേശീയ അന്വേഷണ ഏജൻസി ഐജി, ചണ്ഡിഗഡ് ഡിജിപി, പഞ്ചാബ് പോലീസിലെ സുരക്ഷാ ചുമതലയുള്ള അഡീഷണൽ ഡിജിപി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരായിരുന്നു അംഗങ്ങൾ.