പി.എന്‍.ബി ബാങ്കിലെ കോര്‍പ്പറേഷന്‍ അക്കൗണ്ട് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സാധ്യത

കോഴിക്കോട്: പി.എൻ.ബി.ബാങ്കിൽ നിന്ന് കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയെടുത്ത കേസിൽ സിബിഐ അന്വേഷണത്തിന് സാധ്യത. തട്ടിപ്പ് പൊതുമേഖലാ ബാങ്കിൽ നടന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നത്. മൂന്ന് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നാൽ ബാങ്ക് സി.ബി.ഐക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചട്ടം. ചെന്നൈയിൽ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥർ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിൽ വിശദമായ പരിശോധന നടത്തുന്നുണ്ട്. തുക പരിശോധിച്ച് കൃത്യമായി കണക്കാക്കിയ ശേഷം ബാങ്ക് സി.ബി.ഐക്ക് റിപ്പോർട്ട് നൽകും.

കോർപ്പറേഷന്‍റെ ഒത്താശയോടെയാണ് ബാങ്ക് ക്രമക്കേട് നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് പറഞ്ഞു. പേ സ്ലിപ്പ് വഴിയോ ചെക്ക് വഴിയോ അല്ല തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ എന്തും ചെയ്യാം എന്ന സ്ഥിതിയാണ്. വര്‍ഷങ്ങളായി നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളുടെ ഉള്‍പ്പടെയുള്ള പണമാണ് അക്കൗണ്ടുകളില്‍ ഉള്ളതെന്നും മുസാഫിര്‍ അഹമ്മദ് പറഞ്ഞു.

അതേസമയം, കോഴിക്കോട് കോർപ്പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയിൽ നിന്ന് 14.5 കോടി രൂപ കാണാതായതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുക ഉടൻ തിരികെ നൽകിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ മുഴുവൻ ബ്രാഞ്ചിന്‍റെയും പ്രവർത്തനം തടയുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. പണം നിക്ഷേപിച്ച എല്ലാ വ്യക്തികളുടെയും പണം സുരക്ഷിതമാണെന്ന് ബാങ്ക് ഉറപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.